2011, സെപ്റ്റംബർ 13, ചൊവ്വാഴ്ച

ആറാം ക്ലാസിലെ രണ്ടാം കെട്ട്

ഇരുപത്തി അഞ്ചുവര്‍ഷങ്ങള്‍കഴിഞ്ഞു.സ്കൂള്‍കലോത്സവത്തിന്റെ  രണ്ടാം ദിവസം. കലോത്സവ ലഹരി പിടിച്ചു ഞാനും കുറച്ചു കൂട്ടുകാരും മുളക് പൊടി തേച്ച നാരങ്ങയും നുണഞ്ഞു ഗ്രൗണ്ടില്‍ ഉലാത്തുകയാണ്. ഹെഡ് മാസ്റ്റര്‍ കൊയ്ത്ത് അടുത്ത നെല്പാടത്തിലെ കര്‍ഷകനെ പോലെ ഗ്രൌണ്ടിലൂടെയുള്ള പതിവ് ഉലാത്തലില്‍ ആണ്. മുണ്ട് മടക്കി കുത്തഴിച്ചിട്ട്‌ ആയിരുന്നു ഞങ്ങളുടെ അന്നത്തെ അഭിവാദ്യ ശൈലി. ഞങ്ങളുടെ അഭിവാദ്യം സ്വീകരിച്ചു മുന്നോട്ടു നീങ്ങിയ സാര്‍ തിരിഞ്ഞു നോക്കി എന്നെ വിളിച്ചു. സത്യമായും ഒരു  കുരുത്ത കേടും കാണിച്ചിട്ടില്ല. രാവിലെ തന്നെ വിളിച്ചു തരുന്നതല്ലേ. ചൂടുള്ള
ആ ചൂരല്‍ കഷായം വാങ്ങാനായി എന്റെ ഉള്ളന്‍ കൈ വിയര്‍ക്കാന്‍ തുടങ്ങി. കാല്‍  മുട്ടുകള്‍ കൂട്ടി ഇടിക്കാനും.
 സാറ് വിളിച്ചെങ്കിലും ഒരക്ഷരം ഉരിയാടാതെ ഓഫീസിലേക്ക് നടക്കുകയാണ്. പാവാട പോലത്തെ മാസ്റ്ററുടെ പാന്റിനെ പറ്റി നിലവില്‍ ഉള്ളതിലും നല്ല ഒരു പാരഡി പാട്ട് ആ സമയത്തും എന്റെ മനസ്സിലേക്ക് തികട്ടി തികട്ടി വരുന്നു. അല്ലെങ്കിലും പാട്ടിനു ഒരു സമയ ബോധം ഇല്ല. തലേന്ന്  ഞങ്ങള്‍ നാടക മത്സരത്തിനു
 ഒരു ശോക ഗാനത്തിന്റെ മ്യൂസിക്‌ വേണം എന്ന് പറഞ്ഞപ്പോള്‍ ഞങ്ങളുടെ സ്കൂളിലെ ഏക സംഗീത സംവിധായകനും ബുദ്ധി ജീവിയും സര്‍വ്വോപരി എഴാം ക്ലാസിനെ തുടര്‍ച്ചയായ മൂന്നു വര്‍ഷത്തെ സര്‍വീസ് കൊണ്ട് യു പി വിഭാഗം സബ്ജില്ല മത്സരത്തില്‍ സ്കൂളിന്റെ കിരീടം നിലനിര്‍ത്തി തരുന്നവനുമായ
 വിജയന്‍ വായിച്ചു തന്നത് ഇന്നത്തെ ഭാഷയില്‍ അന്നത്തെ "അടിപൊളി"  ഗാനമായ  "കുര്‍ബാന കുര്‍ബാന" എന്ന
പാടിന്റെ ബീജിയം ആയിരുന്നു. അതേ നാടകത്തില്‍ തന്നെ ഒരു പ്രാര്‍ത്ഥനയുടെ രംഗത്തിനും അവന്‍ കൊടുത്തത് "കുര്‍ബാന കുര്‍ബാന" തന്നെ. എഴാം ക്ലാസ്സുകാരനായ വിജയന്റെ ന്യായീകരണം ഇങ്ങിനെയായിരുന്നു " കുര്‍ബാന എന്ന് പറഞ്ഞാല്‍  ബലിയാണ്. ബലി വേദനയാണ്. വേദന ദുഖമാണ്, ശോകമാണ്. ഇതിലേറെ അനുയോജ്യമായ ഒരു സംഗീതം ഇന്ന് വേറെ ഇല്ല.
 അപ്പോള്‍ പിന്നെ പ്രാര്‍ത്ഥനയ്ക്കോ? ഉത്തരം വളരെ ലളിതമായിരുന്നു.  " ബലി അത് ആത്മസമര്‍പ്പണം ആണ് . ആത്മ സമര്‍പ്പണം പ്രാര്‍ത്ഥനയാണ്."
അന്ന് ആറാം  ക്ലാസ്സുകാരന്‍ ആയ എനിക്ക്  അത് മനസ്സിലായില്ല.പക്ഷെ യുവജനോത്സവത്തില്‍ ഗ്രീന്‍ ഹൌസ്  വിജയിച്ചപ്പോളും വിജയന്‍  വിജയ ഗീതം മുഴക്കി " കുര്‍ബാന കുര്‍ബാന കുര്‍ബാന. സംശയലേശമന്യ ഞങ്ങളും ആര്‍ത്തു വിളിച്ചു. കുര്‍ബാന ....അത് ആഘോഷത്തിന്റെ ഗാനമായിരുന്നു.
         ഇനി വിഷയത്തിലേക്ക് വരാം.. മാസ്റ്ററെ അനുഗമിച്ചു ഓഫീസിലെത്തി .പുറത്തു കൂട്ടുകാരെ വിഷമിപ്പിക്കരുതല്ലോ. വേഗം കൈ നീട്ടി കൊടുത്തു. ഒരു ചൂരലിന്റെ ചൂട് പ്രതീക്ഷിച്ച കയ്യിലേക്ക്
മാസ്റര്‍ ഒഫീഷ്യല്‍ എന്നെഴുതിയ ഒരു ബാഡ്ജ് വെച്ച് തന്നിരിക്കുന്നു."നീ സ്റ്റേജില്‍ "ബെല്ലടി മാസ്റ്റര്‍" അബുട്ടിക്കാനെ സഹായിക്കണം. ഭക്ഷണം അവിടെ വരും." ഇതില്‍ കൂടുതല്‍ എന്ത് വേണം . പുറത്തു കാത്തിരിക്കുന്നവന്മാരോട് തിരഞെടുപ്പില്‍ ജയിച്ച എം എല്‍ എ യെ പോലെ കൈ ഉയര്‍ത്തി അഭിവാദ്യം ചെയ്തു ഞാന്‍ സ്റ്റെജിലേക്ക് കയറി. അബുട്ടിക്ക വണ്ണം കൂടിയ ഒരു പ്ലാസ്റ്റിക്‌ കയര്‍ അദ്ധേഹത്തിന്റെ വണ്ണം കുറഞ്ഞ കയ്യില്‍ ചുറ്റി പിടിച്ചിരിക്കുന്നു. ഒരു വിസില്‍ പിടിച്ചു ഞാന്‍ സ്റ്റേജിന്റെ മറ്റൊരു മൂലയില്‍ ഇരിപ്പുറപ്പിച്ചു.അരവിന്ദന്‍മാസ്റ്ററുടെഅനൌന്‍സ്മെന്റിനു ശേഷം ലഭിക്കുന്ന ആംഗ്യ സന്ദേശത്തിന് അനുസരിച്ച് വിസില്‍ അടിക്കലാണ് എന്റെ ഡ്യൂട്ടി. എന്റെ വിസില്‍ അനുസരിച്ച് അബുട്ടിക്കാന്റെ കര്‍ട്ടന്‍ നിയന്ത്രണം.
       ഉച്ച വരെ വലിയ കുഴപ്പമൊന്നും കൂടാതെ കഴിഞ്ഞു പോയി. ഉച്ചക്ക് മുന്പ് തന്നെ അരവിന്ദന്‍ മാസ്റ്റര്‍ അനൌന്സെമെന്ട തുടങ്ങി .. ഉച്ച ഭക്ഷണത്തിന് ശേഷം വേദിയില്‍ ഒപ്പന മത്സരം ആരംഭിക്കും. മലബാറിന്റെ തനത്  കലയെ വരവേല്‍ക്കാന്‍ ഉമ്മ പെണ്ണുങ്ങള്‍ കൂട്ടത്തോടെ വരവ് തുടങ്ങി. വേദിയില്‍ അത് വരെ കാണാത്ത ആവേശവും ആഘോഷവും. കൃത്യം രണ്ടു മണിക്ക് തന്നെ ഉച്ചക്ക് ശേഷമുള്ള മത്സരം ആരംഭിച്ചു.  ആദ്യ ഒപ്പന ടീം മൊഞ്ചുള്ള മണവാട്ടിയെ വര്‍ണിച്ചു കൊണ്ട് ആടി കളിച്ചു.
"ചേം ചില ചില ചം ചില ചില ചെഞ്ചായ പൂ ബുഷരാ
നിന്റെ  തക്കാളി നിറമുള്ള ചുണ്ടത്തും കവിളത്തും
എന്തെല്ലാം  ഏല്‍ക്കും എടി കമറെ എന്തെല്ലാം ഏല്‍ക്കും എടീ"

രണ്ടാമത്തെ ടീം എന്റെ ക്ലാസിലെതായിരുന്നു. ക്ലാസ്സിലെ ഏറ്റവും സുന്ദരിയായ ശൈലജ ഇളം മെറൂണ്‍ കളര്‍ പട്ടു സാരിയുടുത്ത് മൈലാഞ്ചി ചോപ്പ് നിറഞ്ഞ കൈകള്‍ കൊണ്ട് മുഖം മറച്ചു  പുതു മണവാട്ടി യായി വന്നു .
"ആസിയബി മറിയം ചൂടി അണയും മണവാട്ടി കൂടി
 നബിയാരുടെ തൃ കല്യാണ ഫിര്‍ദൌസില്‍ ചെന്ന്
മുത്ത്‌ മഹ്മൂദര്‍ നബി തങ്ങളെ നിക്കാഹ്  ആണിന്നു"
മത്സരത്തിന്റെ ഇടവേളകളില്‍ അരവിന്ദന്‍ മാസ്റ്ററുടെ അനൌന്‍സ്മെന്റ്. ഇനിയും റിപ്പോര്‍ട്ട്‌ ചെയ്യാത്ത ടീമുകള്‍ ഉണ്ടെങ്കില്‍ ഇനി ഒരറിയിപ്പ് കൂടാതെ അയോഗ്യര്‍ ആക്കുന്നതായിരിക്കും.
ആറു ബി ക്ലാസിലെ കുട്ടികള്‍ പരക്കം പാഞ്ഞു. പച്ച കാച്ചിയും ലെങ്കി മറയുന്ന ഉമ്മ കുപ്പായവും ഇട്ട പെണ്‍കുട്ടികളുടെ കണ്മഷി കണ്ണീരായി മാറി. കവിളത്തെ ചുകപ്പു നിറം കരിമഷിയില്‍ കുതിര്‍ന്നു.
എന്റെ അടുത്ത ഇരുന്നിരുന്ന ക്ലാസ്സിലെ ഒന്നാം റാങ്കുകാരന്‍ ആയ രാമകൃഷ്ണന്‍ പ്രാഥമിക വര്‍ണ്ണങ്ങളെയും ദ്വിതീയ വര്‍ണ്ണങ്ങളെയും പറ്റിയായിരുന്നു അപ്പോള്‍ ചിന്തിച്ചിരുന്നതത്രേ.ആറ് ബി .  ക്ലാസിലെ മണവാട്ടി സാജിത ഉച്ചയ്ക്ക്  ശേഷം വന്നിട്ടില്ല. മൂന്നു പോയന്റിന്റെ വ്യത്യാസത്തില്‍ ആണ് എഴാം ക്ലാസ് മുന്നേറി കൊണ്ടിരിക്കുന്നത്. ഒപ്പന വിജയിച്ചേ മതിയാകൂ. പക്ഷെ മണവാട്ടിയില്ലാതെ എങ്ങിനെ കളിക്കും?
 ഒടുവില്‍  പലരുടെയും നിര്‍ബന്ധത്തിനു വഴങ്ങി ഞങ്ങളുടെ ശൈലജ വീണ്ടും മണവാട്ടി ആകാന്‍ സമ്മതിച്ചു.
ചെസ്റ്റ് നമ്പര്‍ ഏഴു വേദിയില്‍ : ഉച്ച ഭാഷിണിയിലൂടെ അരവിന്ദന്‍ മാസ്റ്റരുടെ അറിയിപ്പ് വന്നതും  ശൈലജെയെയും പിടിച്ചു തോഴിമാര്‍ വേദിയിലേക്ക് കയറി.
"കിരി കിരി ചെരിപ്പുമ്മല്‍ അണഞ്ഞുള്ള മണവാട്ടി
  വല്ലിമാര്‍  സമൂഹത്തില്‍ വിളങ്ങീടുന്നെ"
എന്ന് തുടങ്ങുന്ന ഗാനം കുട്ടികള്‍ പാടി തുടങ്ങി. വീണ്ടും മണവാട്ടിയായി വന്ന ശൈലജയെ കണ്ട പ്യൂണ്‍ അബുട്ടിക്ക തന്റെ അതിശയം മറച്ചു വെച്ചില്ല.
"അല്ല ഇബളെ.. ഇജ്ജു അല്ലെ ഇപ്പം ഇവടുന്നു പോയത്. അന്നെ കാര്യം തീര്‍ത്ത്‌ ഇത്ര എളുപ്പം പിന്നേം കെട്ടിച്ചോ? " 
 പാട്ട് കൂട്ട ചിരിയായി മാറി. എന്റെ വിസില്‍ നിലക്കാതെ ചലിച്ചു. കര്‍ട്ടന്‍ താഴ്ന്നു. ശൈലജ പൊട്ടി കരഞ്ഞു കല്യാണം ,അല്ല ഒപ്പന മുടങ്ങി
വര്‍ഷങ്ങള്‍ക്കു ശേഷം കഴിഞ്ഞ  ഒക്ടോബര്‍ മാസത്തില്‍ മഞ്ചേരി ജില്ല ആസ്പത്രിയില്‍ വെച്ച് ഞാന്‍ ആ മണവാട്ടിയെ കണ്ടു . നാലു വയസ്സുള്ള ഒരു ആണ്‍ കുട്ടിയെ ഒക്കത്ത് വെച്ച് അവള്‍ എന്നോട് ചിരിച്ചു.  "അഷ്‌റഫ്‌ അല്ലെ ? എന്നെ മനസ്സിലായോ "  ക്ഷമിക്കണം എനിക്ക് മനസ്സിലായില്ല,
"ഞാന്‍ ശൈലജയാണ്. നിന്റെ കൂടെ പഠിച്ച. " എന്റെ..  മനസ്സിലേക്ക് ഓടി വന്നത് ഒപ്പന തന്നെ. കൂടെയുള്ള കുട്ടിയോട് ഞാന്‍ പേര് ചോദിച്ചപ്പോ ഉടന്‍ വന്നു ശൈലജയുടെ മറുപടി "തെറ്റിദ്ധരിക്കേണ്ട  ട്ടോ . ഇന്റെ കുട്ടിയല്ല. അനിയന്റെ മോനാണ് . ഇന്റെ കല്യാണം അന്ന് മുടങ്ങിയതാ.പിന്നെ നടന്നീല, രണ്ടു കെട്ടും കഴിഞ്ഞു ആറാം ക്ലാസ്സിന്നു തന്നെ ഞാന്‍  വിധവയായി"

27 അഭിപ്രായങ്ങൾ:

  1. അഷ്റഫ്ക്കാ... വളരെ നന്നായിട്ടുണ്ട് അനുഭവാവതരണം. ആദ്യം മുതല് അവസാനത്തെ മുന്നത്തെ പാരഗ്രാഫ് വരെ നിര്മ്മത്തിന്റെ ഒരു ഓളമുണ്ടായിരുന്നു. പ്രത്യേകിച്ച് അബുട്ടിക്കാന്റെ കമന്റെ. അവിടെ കര്ട്ടനിട്ടപ്പോള് കഥക്കും കര്ട്ടന് ഇടാമായിരുന്നു. പിന്നത്തെ പാരഗ്രാഫ് അതുവരെ ഉണ്ടാക്കിയ രസം ഇല്ലാതാക്കി വിഷമിച്ചു.

    മറുപടിഇല്ലാതാക്കൂ
  2. അശ്റഫ് ,
    എന്താ പറയുക.
    രസമായി വായിച്ചുവന്ന കുറിപ്പിന്റെ സ്വഭാവം , അവസാനം വെറും രണ്ട് വരികളിലൂടെ മാറ്റി എഴുതിയല്ലോ.
    ശരിക്കും സങ്കടമായി.
    ഒരു സ്കൂള്‍ തമാശ , യാദൃക്ശികമായി വിധിയോടെ ചേര്‍ത്ത് വെച്ചപ്പോള്‍ ഈ കുറിപ്പില് അതൊരു നൊമ്പരമായി അവശേഷിക്കുന്നു. മനസ്സിലും. അതുകൊണ്ട് തന്നെ പോസ്റ്റിലെ ആദ്യ ഭാഗത്ത്‌ പറഞ്ഞു പോകുന്ന തമാശകളെ ഏറ്റുപിടിച്ചു ഞാനൊന്നും പറയുന്നില്ല. അത് ഈ നല്ല പോസ്റ്റിനോടുള്ള അനീതിയാവും.
    നല്ലൊരു പോസ്റ്റ്‌.

    മറുപടിഇല്ലാതാക്കൂ
  3. ബാല്യ കാല സ്മരണകള്‍ ,നെല്ലിക്ക പോലെ ,കല്ലിലുരച്ചു ചുന മാറ്റിയ കണ്ണിമാങ്ങാ പോലെ ,രസകരം ,

    മറുപടിഇല്ലാതാക്കൂ
  4. avasaanam nombaramaayi Ash

    By Anees..

    kooduthal comment pinne idaam

    മറുപടിഇല്ലാതാക്കൂ
  5. ചിരിയോടെ വായിച്ചു..ഒടുക്കം...അല്ലേലും ജീവിത യാഥാര്‍ത്യങ്ങള്‍ ഇങ്ങിനെ ഒക്കെ തന്നെയാണല്ലോ..

    മറുപടിഇല്ലാതാക്കൂ
  6. പ്രതീക്ഷിക്കാതെ ട്വിസ്റ്റ്. മനോഹരമായി അവതരിപ്പിച്ചു. ശരിക്കും മനസ്സിൽ തട്ടി..

    മറുപടിഇല്ലാതാക്കൂ
  7. ക്ലൈമാക്സ് അത്യുഗ്രന്‍ .....ബാല്യത്തിലെ വിദ്യാലയ സ്മരണകള്‍‌ക്ക് ഇടവപ്പാതിയുടെ തണുപ്പാണ്. ബാല്യ കാലം നിറം മങ്ങിത്തുടങ്ങിയ സ്ലേറ്റു പോലെയും അന്നത്തെ ഓര്‍‌മ്മകള്‍ ആ സ്ലേറ്റിലെ അക്ഷരങ്ങള്‍‌ പോലെയുമാണ്. ആ നനുത്ത ഓർ‌മ്മകളിലേയ്ക്ക് ഊളിയിടുമ്പോൾ‌ മനസ്സിൽ‌ തെളിഞ്ഞു വരുന്നത് ഓടു മേഞ്ഞ മേൽ‌ക്കൂരയുള്ള, നീണ്ടു കിടക്കുന്ന ഇടനാഴിയോടു കൂടിയ, വൻ‌ വാകമരങ്ങളുടെ നിഴൽ‌ വീണ മുറ്റമുള്ള ഒരു പള്ളിക്കൂടമാണ്. ചെറിയ മാറ്റങ്ങളോടെയെങ്കിലും പുതു തലമുറകളൊഴികെയുള്ള എല്ലാവരുടെയും ഓർമ്മകൾ‌ക്ക് സമാനതകളുണ്ടാകുമെന്ന് തോന്നുന്നു.

    മറുപടിഇല്ലാതാക്കൂ
  8. നല്ല അവതരണം..അവസാനം വേദനിപ്പിച്ചെങ്കിലും ഹൃദ്യമായ പോസ്റ്റ്‌ ..ആശംസകള്‍

    മറുപടിഇല്ലാതാക്കൂ
  9. ഒരു ബാല്യകാല ഓര്‍മ്മയെ അനുസ്മരിച്ചു എഴുതിയ ഈ പോസ്റ്റ് വളരെ മനോഹരമായിട്ടുണ്ട്.
    ആശംസകള്‍.

    മറുപടിഇല്ലാതാക്കൂ
  10. നല്ല പോസ്റ്റ്‌ .............ജീവിതത്തില്‍ വരുന്ന ചില മായ ജാലങ്ങള്‍ .. അല്ലാതെ എന്ത് പറയാന്‍ .......

    മറുപടിഇല്ലാതാക്കൂ
  11. നല്ല എഴുത്ത്....
    പാവം കുട്ടി !!
    (എല്ലാ വായിക്കാറുണ്ട്...ഇവിടെ കമന്റാന്‍ എന്റെ സിസ്റ്റത്തിനൊരു മടി)

    മറുപടിഇല്ലാതാക്കൂ
  12. ഇഷ്ടായി എഴുത്ത് .... ഒരു നൊമ്പരമായി ശൈലജ .

    മറുപടിഇല്ലാതാക്കൂ
  13. ഹി ഹി ..അങ്ങനെ ആറില്‍ തന്നെ രണ്ടു കെട്ടും കഴിഞ്ഞു ..ശൈലജ ഇപ്പൊ മൂന്നാം കെട്ടിന് കച്ച കെട്ടുവാനല്ലേ...നന്നായി അവതരിപ്പിച്ചു..

    മറുപടിഇല്ലാതാക്കൂ
  14. ചിരിപ്പിച്ചുതിർത്തത് കണ്ണീർമുത്തുകളെയാണല്ലോ........

    മറുപടിഇല്ലാതാക്കൂ
  15. അവസാനത്തെ വരികള്‍ മനസ്സില്‍ തറഞ്ഞു. കണ്ണീരിന്റെ ഉപ്പുള്ള തമാശ.

    നല്ല അവതരണം, പക്ഷെ പോസ്റ്റ്‌ ഇട്ടത് ഒരൊറ്റപ്പോക്കായതുകൊണ്ട് വായനാസുഖം അല്പം കുറഞ്ഞു.

    മറുപടിഇല്ലാതാക്കൂ
  16. ഒരു നിമിത്തം എന്ന് വേണമെങ്കില്‍ പറയാം. അവസാനം അതൊരു വിങ്ങലായി... ഒപ്പന നന്നായി ... ആശംസകള്‍

    മറുപടിഇല്ലാതാക്കൂ
  17. നല്ല രസകരമായി അവതരിപ്പിച്ചു. പക്ഷെ ഒടുവിലത്തെ ആ വാക്കുകള്‍ അത് മനസിലെ നൊമ്പരമായി അവശേഷിക്കുന്നു.
    പക്ഷെ ആ സഹോദരിയെ അഭിനന്ദിക്കുന്നു. കാരണം സങ്കടകരമായ തന്‍റെ ജീവിതത്തെ ഇത്ര നല്ല വാക്കായി പുറത്തേക്കു പറഞ്ഞതിന്.

    ചിലപ്പോള്‍ ചില വാക്കുകള്‍ എന്നും വിധിയോട് ചേരുന്നു എന്നത് തികച്ചും നിര്‍ഭാഗ്യം തന്നെ.

    മറുപടിഇല്ലാതാക്കൂ
  18. ഇത്തരം നല്ല അനുഭവങ്ങള്‍ പോരട്ടെ ..
    ഹൃദ്യമായ അവതരണം
    ഹൃദയത്തില്‍ തട്ടുന്നതും .
    ഞാന്‍ ഇത് ഇമെയില്‍ ആയി ഫോര്‍വേഡ് ചെയ്തോട്ടെ ?

    മറുപടിഇല്ലാതാക്കൂ
  19. രചയിതാവ് ഈ അഭിപ്രായം നീക്കംചെയ്തു.

    മറുപടിഇല്ലാതാക്കൂ
  20. രചയിതാവ് ഈ അഭിപ്രായം നീക്കംചെയ്തു.

    മറുപടിഇല്ലാതാക്കൂ
  21. ഇക്കാ..അടിപൊളി..ക്ലൈമാക്സ് ശരിക്കും വേദനിപ്പിച്ചുട്ടോ...?

    മറുപടിഇല്ലാതാക്കൂ
  22. ജീവിതം അങ്ങനെയാണ്...നമ്മള്‍ കളിച്ചുചിരിച്ചുഉല്ലസിച്ചങ്ങുപൂകും,
    പിന്നീടെപ്പഴ്നകിലും ശൈലജമാരുടെരൂപത്തില്‍വന്നു നൊമ്പരപ്പെടുതും....



    ...അബൂട്ടിക്കാന്റെ നാവില്‍ പുള്ളിയല്ലുണ്ടാവുക പൈന്‍ന്ടടിചിട്ടുണ്ടാവും...

    മറുപടിഇല്ലാതാക്കൂ
  23. എന്തിനാ ക്ലൈമാക്സ്‌ ഇങ്ങനെ ആക്കിയെ..? അതോ ക്ലൈമാക്സ്‌ല്‍ വേദനിപ്പിക്കുന്നത് ഒരു ശീലമായോ ?

    മറുപടിഇല്ലാതാക്കൂ