2015, ഒക്‌ടോബർ 12, തിങ്കളാഴ്‌ച

എ  ജേർണി  വിത്ത്  സം  ഫ്രണ്ട്സ് 

ഓരോ ദിനവും പുലരുന്നത് നാട്ടിലേക്കുള്ള  മടക്കയാത്രയെ കുറിച്ചുള്ള ചിന്തയുമായാണ് .
എട്ടു വര്ഷമായിട്ടും  ഇവിടെ വേര് പിടിച്ചിട്ടില്ല,
കുറെ ജോലി ചെയ്തു, ശമ്പളം വാങ്ങി, നാട്ടിലേക്ക് അയച്ചു , എന്നോന്നുമല്ലാതെ
ക്രിയാത്മകമായി  ഒന്നും ഇവിടെ ഇരുന്നു ചെയ്തിട്ടുമില്ല,
അതിന്റെ  പ്രധാന കാരണം ,
മനസ്സ്  കൊണ്ട്  ഇന്നും ഈ  ജീവിതത്തോട് പൊരുത്തപെട്ടിട്ടില്ല   എന്നതാണ്,
നാട്ടിൻ പുറത്തു കാരനായത് കൊണ്ടാവാം എന്റെ  ഈ പ്രശ്നമെന്നത്   തെറ്റാണെന്ന് ബോധ്യമായത്  ഫെസ് ബൂകിലോക്കെ യുള്ള  ന്യൂ ജെണ്‍ ബ്രോകൾ  പോലും നാടിനെ എത്രത്തോളം  മിസ്സ്‌ ചെയ്യുന്നുവെന്ന് അവരുടെ സ്റ്റാറ്റസ് കളിലൂടെ  മനസ്സിലാക്കിയപ്പോൾ ആണ്,
അപ്പോൾ പിന്നെ   മനുഷ്യനായത് കൊണ്ടാവാം എന്നായി  ചിന്ത.
അപ്പോഴാണ്‌ കുറെ  മുമ്പ്  നിസാർ  എന. വി എന്ന സുഹൃത്ത് എഴുതിയ ദേശാടന ക്കിളികളെ കുറിച്ചുള്ള ഒരു ബ്ലോഗ്‌ പോസ്റ്റ്‌ ഓർമ്മയിൽ വന്നത് ,
ശരിയാണല്ലോ കിളികളും ദേശാടനം കഴിഞ്ഞു അവരവരുടെ നാട്ടിലേക്ക് തിരിച്ചു പോകുന്നു,
തിരച്ചുവരാത്ത വണ്ണം പോവാൻ ഇനി അഥവാ  ആർക്കെങ്കിലും  കഴിയുന്നുവെങ്കിൽ അത് മനുഷ്യര്ക്ക് തന്നെയാണ്,

         ഈ ചിന്ത കൊണ്ടെത്തിച്ചത് എന്റെ  കൂടെ ഒരിക്കൽ യാത്ര ചെയ്ത ചില സുഹൃത്തുക്കളുടെ  അടുത്തേക്കാണ് ,2009  ലാണ്  എന്റെ  ആദ്യതത്തെ  വെക്കേഷൻ , തിരക്ക് പിടിച്ച സമയത്ത്  അപ്രതീക്ഷിതമായി വീണു കിട്ടിയ  ഒരു മാസത്തെ അവധി,  പതിമൂന്നു മണിക്കൂറാണ് അന്ന് ജോലി, ജോലി കഴിഞ്ഞു പോവാനുള്ള തയ്യാറെടുപ്പുകൾക്കൊന്നും സമയമില്ല
എന്നാലും നാടിലെക്ക് ആദ്യമായി ഗൾഫിൽനിന്ന്  പോവുകയല്ലേ,  കുറച്ചു സാധനങ്ങളൊക്കെ  വാങ്ങി കൂട്ടി, ഒരു  പുതിയ  ഷർട്ടും  പേന്റും മാത്രമല്ല ബനിയനും  ജെട്ടിയും ചെരുപ്പും വരെ വാങ്ങിച്ചു, അതിനു മുമ്പ് പുതിയാപ്ല ഇറങ്ങിയപ്പോൾ ആണ് അത് പോലെ ഒരു ഡ്രസ്സ്‌ എടുത്തത്, ഇനി ഒരിക്കൽ കൂടി അങ്ങിനെയുണ്ടാവാം, അത്  വാലഞ്ചെരി  ജുമാ മസ്ജിദ് ഖബറിസ്ഥാനിലേക്ക് ആവാം, അല്ലെങ്കിൽ വേറെ എവിടെക്കെങ്കിലും ആവാം.. എവിടേക്ക്  ആയാലും  ഫൈനൽ പോയിന്റ് മാറില്ലല്ലോ ..

സോറി  വിഷയം മാറി പോയി,
          പറഞ്ഞു വന്നത്,  അങ്ങിനെ ജോലി കഴിഞ്ഞു വന്നു പെട്ടെന്ന് പോവാനുള്ള തയ്യാറെടുപ്പുകൾ നടത്തി സാധാരണ ഏതൊരു  മലയാളിയെ പോലെ തന്നെ കാര്ട്ടൂണ്‍  പെട്ടിയിൽ മാസ്കിൻ ടാപ്പ് ഒട്ടിച്ചു വിമാനം തകര്ന്നാലും പെട്ടി തുറക്കാത്ത വണ്ണം കയറിട്ടു വരിഞ്ഞു കെട്ടിവെച്ചു .  ഹാൻഡ് ബാഗ് നോക്കിയപ്പോൾ കാണാനില്ല,കട്ടിലിന്റെ ചുവട്ടിലെ  ചപ്പു ചവറുകൾക്കിടയിലെ  ഒരു  പഴയ ബാഗ് എടുത്തു,  പൊടി  തട്ടാൻ പോലും സമയം കിട്ടിയില്ല, കെട്ടിയ ബാഗിൽ കൊള്ളാത്ത സകലതും അതിൽ വാരി വലിച്ചിട്ടു നേരെ  എയര് പോര്ട്ടിലേക്ക്

       കസ്റ്റംസും എമിഗ്രേഷനും കഴിഞ്ഞപ്പോൾ ആണ് ശ്വാസം വിടാൻ സമയം കിട്ടുന്നത്, യാത്ര പറയാൻ ആഗ്രഹിചിരുന്നവരോടൊക്കെ അവിടെയിരുന്നു വിളിച്ചു പറഞ്ഞു, വിമാനത്തിന്റെ  "ബസ്സ്‌ സ്റ്റോപ്പിലാണ്" ഇരുത്തം.  ഇനിയുമുണ്ട് സമയം ബാക്കി, പുതിയ ശര്ട്ടും പേന്റും  സൈസാക്കി, ഞാൻ എന്നിൽ തന്നെ അഭിമാന പുളകിതനായി  കൊണ്ടിരിക്കുമ്പോൾ ആണ് ഉമ്മാന്റെ ഉപദേശം ആലോചിച്ചത്, " പെട്ടിയും ബാഗുമൊക്കെ സൂക്ഷിക്കണം, പല തരം  തട്ടിപ്പുകളും ഉണ്ടാവും"
ശരിയാണല്ലോ , ബാഗിൽ ആരെങ്കിലും വല്ലതും വെച്ച്, നമ്മൾ പിന്നെ ജയിലിൽ കിടക്കേണ്ടി വന്നാലോ,  പെട്ടിയുടെ പുറത്തുള്ള അറയിൽ ഒന്ന് കയ്യിട്ടു നോക്കി ,
       പകച്ചു പോയി എന്ന് പറഞ്ഞാല് നിങ്ങൾ വിശ്വസിക്കൂല, ഇപ്പോൾ ഈ  കാലത്ത് പകക്കലിനു ഒരു നില യും വിലയും ഇല്ലല്ലോ, പക്ഷെ സത്യത്തിൽ ആദ്യാമായി ആണ് ഞാൻ അത്ര പകച്ചത്, 
അന്ന് റൂമില് ഞങ്ങൾ മൂന്നു പേരോടൊപ്പം താമസിച്ചിരുന്ന നൂറു കണക്കിന് മൂട്ട ദമ്പതികളും കൂറ  കുഞ്ഞുങ്ങളും എന്നെ അനുഗമിചിരിക്കുന്നു, 
മോശം പറയരുതല്ലോ,  മൂട്ടകൾക്കിടയിൽ അവരുടെ പേറിനെ  കുറിച്ച് കുറ്റം പറയാൻ ഒരു  ശോഭ മൂട്ടയോ ശശി കല മൂട്ടയോ ഇല്ലാത്തതാവാം അവർ  ദിനം പ്രതി അവിടെ ഭൂരിപക്ഷമായി തീരുന്നുണ്ട്  എന്ന എന്റെ നിരീക്ഷണത്തെ തികച്ചും അസ്ഥാനത്താക്കിയത്  യാതൊരു രേഖകളുമില്ലാതെ, പോട്ടെ അപ്പനപ്പൂപ്പന്മാർ പോലുമില്ലാതെ,  ബാഗിന്റെ സൈഡ്  അറയിൽ ഒളിച്ചു താമസിച്ചിരുന്ന കൂറ  കുഞ്ഞുങ്ങളെ കണ്ടപ്പോൾ ആണ്, ഏതായാലും കിട്ടിയ അവസരം പാഴാക്കാതെ അവന്മാര് അബുദാബി വിമാനത്താവളത്തിലെ ലോഞ്ചിലൂടെ ഇറങ്ങി നടക്കാൻ തുടങ്ങി, 

      ആ ബാഗ് മറ്റാരുടെയോ ബാഗ് ആക്കി ഞാൻ രണ്ടു കസേര അപ്പുറത്തേക്ക് മാറിയിരുന്നു, പുതിയ ഡ്രെസ്സും ഗള്ഫ് കാരന്റെ അഹങ്കാരവും എല്ലാം ആ ഒരൊറ്റ നിമിഷം ആ ചില  ചങ്ങാതി മാരോടൊപ്പം അവിടെ എയർപോർട്ടിൽ തന്നെ ഇറങ്ങി പോയി, വിമാനത്തിലൊന്ന്  കയറി കൂടിയാൽ മതിയെന്ന് മാത്രമായി ചിന്ത .
വിമാനത്തിലേക്ക് കയറിയപ്പോൾ അല്പം ആശ്വാസമായി, ഇനി ഇറങ്ങുമ്പോൾ ബാഗ് കയ്യിലെടുത്താൽ  മതിയല്ലോ, മുന്നിലെ സീറ്റിന്റെ പിറകിലെ ബട്ടണുകളിൽ പലതും ഞെക്കി പഠിച്ചു വിമാനം ഞമ്മളെ കൊണ്ടോട്ടി ഇറങ്ങി, ഒരു വിധം  തന്നെയാണ് ആ ബാഗും വലിച്ചു  കരിപ്പൂരിലെ എമിഗ്രേഷൻ കൌണ്ടറിനു മുന്നില് നിന്നതും,
"അന്റെ പെര എവുടെയാണെടോ "  എന്ന  ആ ഒരൊറ്റ പപരുക്കൻ  ചോദ്യം കൊണ്ട്  എന്റെ സുന്ദര നാട്ടിലെ  കൂ(ത )റ കൾക്കിടയിൽ  വിമാനത്തിലെ തണുപ്പിൽ  പാതിമയക്കത്തിൽ കിടക്കുന്ന ചങ്ങാതിമാരെ  കുറിച്ച് ഒരാശങ്കയും  വേണ്ടെന്ന്  എനിക്ക് മനസ്സിലായി . എന്നോട് പറയാതെയെങ്കിലും  കൂടെ യാത്ര ചെയ്തു വന്ന  എന്റെ സഹ മുറിയന്മാരായ   കൂറ ക്കുഞ്ഞുങ്ങളും ആണ്‍ മൂട്ടകളും പെണ് മൂട്ടകളും അവരുടെ ഭാവി വാഗ്ദാനങ്ങളായ വെളുത്ത മൂട്ട മുട്ടകളും എന്റെ നാട്ടിൽ  സുരക്ഷിതരാനെന്നത് എന്നെ  വല്ലാതെ സന്തോഷിപ്പിച്ചെങ്കിലും നിർഭാഗ്യമെന്നല്ലാതെ എന്ത് പറയാൻ ,  ആ സന്തോഷത്തിനും ദീർഘയുസ്സില്ലായിരുന്നു,
        ചോക്ലേറ്റുകളും യന്ത്ര കാറുകളും അത്തർ  കുപ്പിയും മീശക്കാരൻ തൈലവും കോടാലി തൈലവും കുത്തി നിറച്ച  കാര്ട്ടൂണ്‍ പെട്ടിക്ക് കിട്ടിയ സ്വീകരണം  എനിക്കോ എന്റെ കയ്യിലെ ഹാൻഡ് ബാഗിനോ  വീട്ടില് ലഭിച്ചില്ല, അത് കോലായിലെ തിണ്ടിൽ ആരാലും ശ്രദ്ധിക്കപ്പെടാതെ ഒരു മൂലയിലും ഞാനതിന്റെ അടുത്തുള്ള കസേരയിലും,
           ഒറ്റക്കിരിക്കുന്ന എന്റെ തലയിലൂടെ വിരലോടിച്ച്  ഒരു വര്ഷം കൊണ്ട  "കോലം  കെട്ട "  എന്നെ    ആശ്വസിപ്പിച്ചു കൊണ്ടിരിക്കുകയാണ് ഉമ്മ, ഉമ്മാന്റെ സ്നേഹം ആവോളം അനുഭവിക്കുന്ന എന്നെ കണ്ടിട്ടോ, അതോ തിണ്ടിലെക്ക് നേരിട്ടെത്തുന്ന തെക്കൻ  വെയില് കൊണ്ടിട്ടോ എന്നറിയില്ല രണ്ടു മൂന്നു മൂട്ടകൾ ബാഗിൽ നിന്ന് പുറത്തേക്കു തലയിട്ട്  നോക്കിയത്  ഉമ്മാന്റെ കണ്ണിൽ  പെട്ടു ..

           "റബ്ബിൽ ആലമീനായ തമ്പുരാനെ , ഇനി ഇവിടെ ഇതിന്റെ ഒരു കമ്മിയും കൂടി ഉള്ളൂ,"
 എന്ന് പറഞ്ഞു ആ ബാഗ്  എടുത്തു ഉമ്മ  മുറ്റത്തിന്റെ അപ്പുറത്തേക്ക് വലിച്ചെറിഞ്ഞു . വാര്പ്പിന്റെ മുകളില് അവര്ക്കൊരു താല്ക്കാലിക ഷെൽട്ടർ എന്ന എന്റെ ആശയത്തിന് ഒരു വിലയും നല്കാതെ തൊടിയിലെ ഉണങ്ങിയ ഒരു ശീമ കൊന്ന മരത്തിന്റെ കമ്പിൽ ആ ബാഗിന് ഒരു പിടി കമ്പ് കിട്ടി. ഇപ്പോൾ ഞാൻ ആലോചിക്കുകയാണ്, അവർ, മാസങ്ങളോളം എന്റെ കൂടെ താമസിച്ചു, ഇത്തിഹാദ് വിമാനത്തിൽ എന്റെ കൂടെ യാത്ര ചെയ്ത് മറ്റൊരു ദേശത്ത് എത്തിയ ആ നൂറു കണക്കിന് കൂറകളും മൂട്ടകളും ഇപ്പോൾ എവിടെയായിരിക്കും ?