2011, ജൂൺ 9, വ്യാഴാഴ്‌ച

കുന്ത്രാണ്ടം

കുന്ത്രാണ്ടം
 ഞാന്‍ ഈ പേര് ആദ്യമായി കേള്‍ക്കുന്നത് എന്റെ ഉമ്മ , ഉമ്മയുടെ ഏറ്റവും അടുത്ത കൂട്ടുകാരിയെ  വിളിച്ചു ആക്ഷേപിക്കുമ്പോള്‍ ആണ് . ഇന്ന് ആ പ്രിയപ്പെട്ട കൂടുകാരി ജീവിച്ചിരിപ്പില്ല . പക്ഷെ അവരുടെ കുടുംബത്തില്‍ പെട്ട ആരെ കാണുമ്പോഴും  എനിക്ക്  ഈ പേര് ഓര്മ വരും . അത് കൊണ്ട് തന്നെ  ഈ കുറിപ്പ് ഞാന്‍ ആ പ്രിയപ്പെട്ട കൂട്ടുകാരിക്ക് സമര്‍പ്പിക്കുന്നു .
 1969  ഇല്‍  എന്റെ ഉപ്പ   കൊണ്ട് വന്നു  ഉമ്മാന്റെ കയ്യില്‍ ഏല്‍പിച്ച   ഈ കൂട്ടുകാരി പിന്നീട് പലപ്പോഴും ഉപ്പാക്ക് തന്നെ   ഉണ്ടാക്കിയ   ബുദ്ധിമുട്ടുകള്‍  ചില്ലറ  അല്ല. 
അവള്‍ മറ്റാരും അല്ല . എന്റെ വീടിലെ സന്തോഷവും സന്താപവും നിറഞ്ഞ  മുഴുവന്‍ നിമിഷങ്ങള്‍ക്കും സാക്ഷിയായിരുന്ന ബുഷ്‌ കമ്പനിയുടെ ഒരു റേഡിയോ . അടുത്ത വീടുകളില്‍   എത്തുന്നതിനു മുന്പേ  എത്തിച്ചേര്‍ന്നത് കൊണ്ട് ചെറിയ ഒരു പെരുമ കാണിക്കലിന്റെ ഭാഗമായി ആദ്യ കാല താമസം  ഉമ്മറ  കോലായില്‍    തന്നെ ആയിരുന്നു . പിന്നീട് എപ്പോഴോ ഉമ്മ പ്രണയം നടിച്ചു  അടുക്കളയിലേക്കു കൂട്ടി  കൊണ്ട് പോയി. പിന്നീട് ആ പ്രണയ നിമിഷങ്ങള്‍ , കിന്നാരം പറച്ചിലുകള്‍ , സന്തോഷ സന്താപങ്ങളുടെ പങ്കു വെക്കല്‍  ഒരു പരിധി വരെ ഞങ്ങളുടെ ആഹാര  സമയ ക്രമങ്ങളെ  വരെ നിയന്ത്രിക്കാന്‍ തുടങ്ങി .
പട്ടാള ച്ചിട്ടക്കാരനായ  ഉപ്പയുടെ ഉറക്കിനെ ഒരു ചെറിയ ശബ്ദം പോലും അലോസരപ്പെടുത്തും എന്നതിനാല്‍ മിക്കവാറും  ഈ കൂടുകാരി ഉമ്മാക്ക് മാത്രം കേള്‍ക്കാവുന്ന ശബ്ദത്തില്‍ ആയിരുന്നു ഉമ്മയോട് സംസാരിച്ചു കൊണ്ടേ  ഇരുന്നിരുന്നത്. അവളുടെ സംസാരം കേട്ട്  എന്റെ ഉമ്മ കണ്ണീര്‍ വാര്‍ത്തു.മൂക്ക് പിഴിഞ്ഞ്  തട്ടം കൊണ്ട് മുഖം തുടച്ചു . ഉമ്മയുടെ ദുഃഖങ്ങള്‍ ഉമ്മ മറന്നു .
കടുത്ത സാമ്പത്തിക പ്രതി സന്ധിയില്‍ ഉമ്മയുടെ കാതിലെ ചിറ്റുകള്‍ കുഞ്ഞന്‍  തട്ടാന്‍ വന്നു അഴിചെടുക്കുമ്പോള്‍ ഒരു പക്ഷെ ഇവള്‍ വളരെയധികം സന്തോഷിച്ചു കാണും . ഇനി ചിറ്റിന്റെ ശല്യം കൂടാതെ കാതിനോട് കൂടുതല്‍ ചേര്‍ന്ന് ഇരുന്നു രഹസ്യം പറയാല്ലോ. ഉമ്മയോട് ഇത്രയധികം രഹസ്യം പറഞ്ഞ മറ്റൊരാള്‍ ഈ ലോകത്തുണ്ടാകില്ല  എന്നതാണ് വാസ്തവം .
 വീടിന്റെ  മുകളിലൂടെ പോകുന്ന  വൈദ്യുതി കമ്പി പലപ്പോഴും ഇവളുടെ ശബ്ദത്തിനു ഇടര്‍ച്ച ഉണ്ടാക്കുന്നതിനാല്‍ ഇവളുടെ ഇരുത്തം ഉമ്മ നിസ്കരിക്കാന്‍ നില്‍ക്കും പോലെ തന്നെ ഒരല്പം  വടക്കോട്ട്‌  തെന്നിയായിരുന്നു.
ഉമ്മയുടെ തയ്യല്‍ മഷിനിലും, അടുക്കളയിലെ  അമ്മിക്കു സമീപവും  എല്ലാം ഇവള്‍ക്ക്  മാത്രമായി ഒരു ഇരിപ്പിടം  ഉമ്മ തയ്യാറാക്കി വെച്ചിരുന്നു. പിന്നീട് പത്തു പന്ത്രണ്ടു വര്‍ഷങ്ങള്‍ക്കു ശേഷം ഇവളുടെ ആരോഗ്യ  സ്ഥിതിയില്‍ വരുത്തിയ ചില പ്രശ്ങ്ങള്‍  സ്വയം പരിഹരിച്ചു കൊണ്ട് ഉമ്മ ഒരു മെക്കാനിക്ക്  ആയി മാറി. മരത്തിന്റെ കറ കൊണ്ട് സോള്ടിംഗ് ചെയ്യാനുള്ള വിദ്യ അറിയാവുന്ന ഏക മെക്കാനിക്ക് ഒരു പക്ഷെ എന്റെ ഉമ്മ മാത്രം ആയിരിക്കും.
ഉമ്മ തന്നെ തയ്ച്ച മനോഹരമായ ഉടുപ്പുകള്‍ മാറി മാറി ഇട്ടു നടന്ന ഇവളും എന്റെ ഉമ്മയും തമ്മില്‍  പിന്നീട് ചില സൌന്ദര്യ പിണക്കങ്ങള്‍ തുടങ്ങുന്നതും  ഞാന്‍ അറിഞ്ഞു തുടങ്ങി. ഉമ്മയുടെ ചികിത്സകള്‍ കൊണ്ട് പരിഹരിക്കാന്‍ കഴിയാത്ത അവളുടെ രോഗങ്ങള്‍ തന്നെയായിരുന്നു അവയുടെ മൂല കാരണം .
ഒടുവില്‍ ഒരു റേഡിയോ നാടകോത്സവ കാലം. ദിവസങ്ങള്‍ എണ്ണി ഉമ്മ കാത്തിരുന്നു. കോഴിക്കോട് നിലയത്തില്‍  നടനും സംവിധായകനുമായ ഖാന്‍ ഖാവിലിന്റെ ഘന ഗാംഭീര്യം ഉള്ള ശബ്ദത്തില്‍ തയ്യാറാക്കപെട്ട നാടകം പ്രക്ഷേപണം ചെയ്യേണ്ട ദിവസം . അവള്‍ മിണ്ടാട്ടം മാറ്റിയിരിക്കുന്നു.
ഇരുപതോളം വര്‍ഷം ഉമ്മയോടൊട്ടി നിന്ന്  ഉമ്മാക്ക് ഏറെ ഇഷ്ടപെട്ട   സന്ധ്യ കണ്ണീരിതെന്തേ  എന്ന ഗാനം  എത്രയോ തവണ പാടി കേള്‍പിച്ച ,ഹജ്ജിന്റെ രാവില്‍ കഅബം കിനാവ് കാണിച്ച , ലോകത്തിലെ  ഓരോരോ കാര്യങ്ങള്‍   ഉമ്മയോട്   പറഞ്ഞു കൊണ്ടേ ഇരുന്ന ആ കൂട്ട് കാരിയോട്  കെറുവിച്ചു കൊണ്ട് അവളുടെ മരണ വാര്‍ത്ത ഉമ്മ ഇങ്ങനെ സ്ഥിരീകരിച്ചു.  " കഴിഞ്ഞു ഈ കുന്ത്രാണ്ടം കൊണ്ട്     ഇനി ഒരു കാര്യവും ഇല്ല"


39 അഭിപ്രായങ്ങൾ:

  1. വളരെ നന്നായിരിക്കുന്നു, തുടക്കം കേമം. തുടരുക.. ആശംസകള്‍!

    മറുപടിഇല്ലാതാക്കൂ
  2. vayichathinum abhiprayam ariyichathinum nandi.Naju, ezhuthanulla moham kazhivine marikadakkunnu. athu kondu thanne thettukal kshamikkumallo

    മറുപടിഇല്ലാതാക്കൂ
  3. machuuu ... valare nannayittundu.. ningalude oro ezhuthukuthum njan sharikkum aswthichu vayikkarundu,.,, iniyum ezhuthuka,, allahu anugrahikkatte..

    മറുപടിഇല്ലാതാക്കൂ
  4. എല്ലാ ആശംസകളും ഈ തുടക്കത്തിനു .... സകല പിന്തുണയും വാഗ്ദാനം ചെയ്യുന്നു


    സി.ടി.അലവി കുട്ടി മോങ്ങം

    മറുപടിഇല്ലാതാക്കൂ
  5. അഷ്‌റഫ്‌
    നല്ല തുടക്കം .
    ഉമ്മയില്‍ നിന്ന്. ഉമ്മയുടെ കൂട്ടുകാരിയില്‍ നിന്ന്.
    വളരെ മനോഹരമായി എഴുതി ഈ ആത്മബന്ധത്തെ പറ്റി.
    ഒപ്പം റേഡിയോ നല്‍കിയ ഒരു കാലഘട്ടത്തിന്‍റെ സുഖമുള്ള ഓര്‍മ്മകളും.
    ഖാന്‍ കാവില്‍ , വെണ്മണി വിഷ്ണു പിന്നെ യുവവാണി തുടങ്ങിയ പരിപാടികള്‍.
    ഒരു ഓര്‍മ്മയുടെ വീണ്ടെടുപ്പും കൂടിയായി ഈ കുറിപ്പ്.
    എഴുത്ത് തുടരട്ടെ .
    ആശംസകള്‍ അഭിനന്ദനങ്ങള്‍

    മറുപടിഇല്ലാതാക്കൂ
  6. തുടക്കം ഗംഭീരം.... തുടരുക ധീരതയോടെ....

    മറുപടിഇല്ലാതാക്കൂ
  7. അഷറഫ് ;നന്നയിട്ടുണ്ട് ,ഇവിടെം കൊണ്ട് നിര്‍ത്താതെ വലിച്ചു വിട്ടോ ,ഞങ്ങളുണ്ട് കൂടെ ...(ഒരു ചെറിയ സംശയം ,,,നമ്മുടെ നാട്ടില്‍ നിന്ന് പടിഞ്ഞാറുനിന്നു അല്‍പ്പം വടക്കോട്ട്‌ തെറ്റിയല്ലേ നിസ്കരിക്കാന്‍ നിക്കുക ,ഉമ്മയുടെ നിസ്കാരം തെക്കോട്ട്‌ തിരിഞ്ഞു ആയിരുന്നോ ,,,,,,തമാശയാണ് കേട്ടോ)...

    മറുപടിഇല്ലാതാക്കൂ
  8. റേഡിയോയൊടൊപ്പം ഉമ്മയെ ചേര്‍ത്തു വെച്ചാണോ ഉമ്മയോടൊപ്പം റേഡിയോയെ ചേര്‍ത്തു വെച്ചാണോ വായിക്കണ്ടത് എന്നൊരു കണ്‍ഫ്യൂഷനുണ്ട് വായിച്ചു കഴിഞ്ഞപ്പോള്‍..........രണ്ടും ഇന്നത്തെ തലമുറക്ക് അന്യം നിന്നു കൊണ്ടിരിക്കുന്ന സ്‌നേഹാടയാളങ്ങളാണല്ലോ............എങ്കിലും റേഡിയോ ഇപ്പൊ അതിന്റെ പ്രതാപകാലത്തിലേക്ക് പിച്ച വെച്ചു തുടങ്ങീട്ടുണ്ട്.........പക്ഷെ ഉമ്മ, ഉപ്പ....എന്നിത്യാദി അടയാളങ്ങള്‍ ഇന്നത്തെ കാലത്ത് വെറും കടലാസു പൂവുകള്‍ മാത്രമായി ശേഷിപ്പിക്കാനുള്ള വ്യഗ്രതയിലാണ് പുതുതലമുറ. മാര്‍ക്കറ്റില്‍ എന്തും വിലകൊടുത്തു വാങ്ങാന്‍ കിട്ടും ഉമ്മയും ഉപ്പയുമൊഴിച്ച്...........പക്ഷെ ഇന്ന് അതും വിലക്കെടുക്കാനുള്ള 'കെല്്പു'ണ്ടാക്കിയിരിക്കുന്നു ഉപഭോഗ സംസ്‌കാരം.............നമുക്ക് നമ്മുടേതായ എന്തൊക്കെയോ നഷ്ടപ്പെട്ടുകൊണ്ടിരിക്കുന്ന, ദൈവത്തിനയക്കുന്ന കത്തിന് പിശാച് മറുപടിയെഴുതുന്ന തലതിരിഞ്ഞ ഈ ഊഷരകാലത്ത് ഉമ്മയെക്കുറിച്ചുള്ള ഈ കുറിപ്പിന് ശരിക്കും ഉമ്മാന്റെ ചൂടുണ്ട്........കത്താത്തടുപ്പില്‍ ഇല്ലാത്ത കഞ്ഞിയില്‍ തവിയിട്ടിളക്കുന്ന ഉമ്മാന്റെ സാന്ത്വനമാവുന്നുണ്ട്..........കണ്ണീരിലും ചിരിക്കുന്ന നനവാകുന്നുണ്ട്............കാലിനടിയില്‍ സ്വര്‍ഗമുണ്ടായിട്ടും മക്കളോടൊപ്പം പട്ടിണിതിന്നാന്‍ വരുന്ന സഹനമാവുന്നുണ്ട്.............
    ഉമ്മാനെക്കുറിച്ചെഴുതിയ അഷ്‌റഫിന് പൊന്നു മുത്തം!
    ഉമ്മാക്ക് ദീര്‍ഘായുസ്സിനുള്ള പ്രാര്‍ത്ഥനയും.................

    മറുപടിഇല്ലാതാക്കൂ
  9. ഈ പോയത്തക്കാരന്റെ ബഡായി വായിക്കാനും എന്നോടൊപ്പം അല്പം പിറകോട്ടു നടക്കാനും സന്മനസ്സു കാണിച്ച എല്ലാവര്ക്കും വീണ്ടും നന്ദി :Naju; Siyaf,Sabeer,CT Alavikutty,Mansoor Cheruvadi ,Shareef,Gaffor ,Sadik Pathiripatta നന്ദി ഗഫൂര്‍ക്ക നിങ്ങള്‍ പറഞ്ഞത് സത്യമാണ്. ഈ അന്തം കെട്ടവന് തെക്ക് വടക്ക് തിരിയാതതിനാല്‍ വന്ന ഒരു പിശക്‌. തിരുത്തിയിരിക്കുന്നു. ഉമ്മാനെയും പേടിക്കണമല്ലോ :

    മറുപടിഇല്ലാതാക്കൂ
  10. ബൂലോകത്തേക്ക് ഹാര്‍ദ്ദമായ സ്വാഗതം..

    ഗൃഹാതുര സ്മരണകള്‍ ഉണര്‍ത്തുന്നഒരു പോസ്റ്റ്‌. ഹൃദ്യമായി അവതരിപ്പിച്ചു.. ആശംസകള്‍...

    "സന്ധ്യ കണ്ണീരിതെന്തേ" എന്ന പാട്ടാണോ ഉദ്ദേശിച്ചത്?

    മറുപടിഇല്ലാതാക്കൂ
  11. തുടക്കം നന്നായി കേട്ടോ...
    വീണ്ടും വരാം..

    മറുപടിഇല്ലാതാക്കൂ
  12. കടുത്ത സാമ്പത്തിക പ്രതി സന്ധിയില്‍ ഉമ്മയുടെ കാതിലെ ചിറ്റുകള്‍ കുഞ്ഞന്‍ തട്ടാന്‍ വന്നു അഴിചെടുക്കുമ്പോള്‍ ഒരു പക്ഷെ ഇവള്‍ വളരെയധികം സന്തോഷിച്ചു കാണും . ഇനി ചിറ്റിന്റെ ശല്യം കൂടാതെ കാതിനോട് കൂടുതല്‍ ചേര്‍ന്ന് ഇരുന്നു രഹസ്യം പറയാല്ലോ.
    Best Wishes.

    മറുപടിഇല്ലാതാക്കൂ
  13. വളരെ നന്നായിരിക്കുന്നു. വളരെ വളരെ നന്നായിരിക്കുന്നു. ഉമ്മയെയും റേഡിയോയെയും പറ്റിയുള്ള എഴുത്ത് പഴയകാലത്തിലേക്ക് മനസ്സിനെ ഒരിക്കൽകൂടെ പിടിച്ചു വലിച്ചു..

    മറുപടിഇല്ലാതാക്കൂ
  14. നന്നായിട്ടുണ്ട് സുഹ്രുത്തെ,,,,, നല്ല തുടക്കം,,, നന്നായി എഴുതിയിരിക്കുന്നു,,,,, ഇനിയും പ്രതീക്ഷിക്കുന്നു,,,, വീണ്ടുമെഴുതുക,,,,

    മറുപടിഇല്ലാതാക്കൂ
  15. Thanks to all:Sreejith Kondotty,villagemaan, Venu,Kazchakkaran,Musthu kuttippuram and Basheer Vallikkunnu

    മറുപടിഇല്ലാതാക്കൂ
  16. അമ്മയും നന്മയുമൊന്നാണ്.....
    ഇനി ഞങ്ങളും നിങ്ങളുമൊന്നാണ്..........
    അറ്റമില്ലൊത്തൊരീ ജീവിതപ്പാതയില്‍
    ഒറ്റയല്ലൊറ്റയല്ലൊറ്റയല്ലാ....................
    ആരു ഒറ്റയല്ലൊറ്റയല്ലൊറ്റയല്ലാ.........


    ഉമ്മയും റേഡിയോയും കഥാപാത്രമായ കുന്ത്രാണ്ടം ഞാന്‍ വായിച്ചു...
    കമന്റിട്ടു..............പക്ഷെ ഒരു കാര്യം പറയാന്‍ മറന്നു.
    റേഡിയോ/ചരിത്രവും വര്‍ത്തമാനവും
    എന്ന പേരില്‍ ഒലീവ് ബുക്‌സ് മനോഹരമായൊരു പുസ്തകം ഇറക്കീട്ടുണ്ട്.
    ആ പുസ്തകത്തിന് അതിമനോഹരമായ (എന്നു പറയാനാണെനിക്കിഷ്ടം) കവര്‍ ചെയ്തത് ഞാനാണ്.............ബാക്ക് കവറില്‍ എന്റെ പേരു കാണാം.....

    മറുപടിഇല്ലാതാക്കൂ
  17. കാല്‍ നൂറ്റാണ്ടു മുന്‍പത്തെ ഏറന്ടന്‍ വീടുകളിലെ ഒരു പരിച്ചേദം താങ്കളുടെ ഈ 'കുന്ത്രാണ്ടം' . റേഡിയോ പാട്ടും കേട്ട് അടുക്കളയില്‍ ജോലി ചെയ്യുന്ന ഉമ്മയുടെ രൂപം മനസ്സില്‍ നിറഞ്ഞു നില്‍ക്കുന്നു. ഉമ്മറത്ത്‌ ഗൌരവത്തില്‍ ഇരിക്കുന്ന ഉപ്പയുടെ രൂപവും. താങ്കളുടെ തൂലികയില്‍ ഇനിയും ഇത്തരം ഗൃഹാതുരതത്വ മുനരത്ത്തുന്ന വരികള്‍ വിരിയട്ടെ.

    മറുപടിഇല്ലാതാക്കൂ
  18. രചയിതാവ് ഈ അഭിപ്രായം നീക്കംചെയ്തു.

    മറുപടിഇല്ലാതാക്കൂ
  19. ഇക്കാ മനോഹരമായിരിക്കുന്നു...

    മറുപടിഇല്ലാതാക്കൂ
  20. ഉമ്മ ഒരു ലോകമാണ്. സ്നേഹത്തിന്റെ നിഷ്കളങ്കമായ ഒരു ലോകം.
    ഉമ്മ ഒരു വേദനയാണ്. എപ്പോഴും നമ്മുടെ കൂടെയില്ലല്ലോ എന്ന വേദന.
    (ആശ്രൂന്റെ പോസ്റ്റില്‍ ഉമ്മയുണ്ട്. നമ്മുടെയെല്ലാം ഉമ്മ)

    മറുപടിഇല്ലാതാക്കൂ
    മറുപടികൾ
    1. അജ്ഞാതന്‍2012, ജൂൺ 20 5:41 AM

      ചെങ്ങായി.....കമന്റ് പൂശുമ്പോള്‍ പോസ്റ്റ് വല്ലപ്പോഴും ഒന്ന് വായിക്കണേ. . ഇവിടെ ആരും മരിച്ചിട്ടില്ല. മരിച്ചത് റേഡിയോ ആണ്.

      ഇല്ലാതാക്കൂ
  21. വളരെ മനോഹരമായിട്ടുണ്ട്.
    ആശംസകള്‍ .

    മറുപടിഇല്ലാതാക്കൂ
  22. റേഡിയോയിലൂടെ എല്ലാം കേട്ടരിഞ്ഞിരുന്ന ഒരു ഭൂതകാലതോടൊപ്പം ഉമ്മയെന്ന പകരം വെക്കാനില്ലാത്ത സാന്നിധ്യത്തെ കുറിച്ചും ഒരോര്‍മ്മ പുതുക്കലായി ഈ പോസ്റ്റ്‌ .. ആശംസകള്‍

    മറുപടിഇല്ലാതാക്കൂ
  23. നല്ല ഹൃദയസ്പർശിയായി കാര്യങ്ങൾ പറഞ്ഞു. നന്നായിരിക്കുന്നു. ഇതിൽ എന്റെ വീട്ടിലെ അനുഭവം ഉമ്മയും റേഡിയോയുമായല്ല. അച്ഛനും റേഡിയോയും. അതിലെ അനുഭവങ്ങളും ഈ പൊസ്റ്റിൽ പറഞ്ഞ പൊലെ തന്നെ. വളരെ വളരെ നന്നായിരിക്കുന്നു. ആശംസകൾ.

    മറുപടിഇല്ലാതാക്കൂ
  24. നന്നായി അവതരിപ്പിച്ചു ... ആശംസകള്‍

    മറുപടിഇല്ലാതാക്കൂ
  25. വീടിന്റെ മുകളിലൂടെ പോകുന്ന വൈദ്യുതി കമ്പി പലപ്പോഴും ഇവളുടെ ശബ്ദത്തിനു ഇടര്‍ച്ച ഉണ്ടാക്കുന്നതിനാല്‍ ഇവളുടെ ഇരുത്തം ഉമ്മ നിസ്കരിക്കാന്‍ നില്‍ക്കും പോലെ തന്നെ ഒരല്പം വടക്കോട്ട്‌ തെന്നിയായിരുന്നു.

    പത്തു പന്ത്രണ്ടു വര്‍ഷങ്ങള്‍ക്കു ശേഷം ഇവളുടെ ആരോഗ്യ സ്ഥിതിയില്‍ വരുത്തിയ ചില പ്രശ്ങ്ങള്‍ സ്വയം പരിഹരിച്ചു കൊണ്ട് ഉമ്മ ഒരു മെക്കാനിക്ക് ആയി മാറി. മരത്തിന്റെ കറ കൊണ്ട് സോള്ടിംഗ് ചെയ്യാനുള്ള വിദ്യ അറിയാവുന്ന ഏക മെക്കാനിക്ക് ഒരു പക്ഷെ എന്റെ ഉമ്മ മാത്രം ആയിരിക്കും.

    അഷറഫിലെ കവിയെ മാത്രമേ ഞാന്‍ ഇത് വരെ വീക്ഷിച്ചിരുന്നുള്ളൂ. ഇതാ ഇപ്പോള്‍ നര്‍മ്മം വെടുപ്പായി കൈകാര്യം ചെയ്യുന്ന നല്ലൊരു എഴുത്തുകാരനെ കൂടി അഷറഫില്‍ കണ്ടു. ഈ പോസ്റ്റ്‌ ഈ ലോകത്തു പോസ്റ്റ്‌ ചെയ്തു എന്നെയിവിടെ എത്തിച്ച കണ്ണൂരാന് നന്ദി.

    മറുപടിഇല്ലാതാക്കൂ
  26. ഇപ്പോഴാണ് ഇത് ശ്രദ്ധിക്കുന്നത്.. റേഡിയോയെ കുറിച്ചുള്ള വിവരണം നന്നായി കെട്ടോ ഭായ്

    എല്ലാവിധ ഭാവുകങ്ങളും

    മറുപടിഇല്ലാതാക്കൂ
  27. എന്റെ ഉമ്മുമ്മാനെ ഓര്‍മ്മ വന്നു.

    മറുപടിഇല്ലാതാക്കൂ
  28. കണ്ണൂറാൻ വഴി ഇവിടെയെത്തി....നല്ല അവതരണം...എല്ലാ ഭാവുകങ്ങളും....

    മറുപടിഇല്ലാതാക്കൂ
  29. നന്മ്മയുടെ കൂട്ടുകാര്‍.....
    ചില ജിവിത വേദന കൂടി പങ്കുവെച്ചു.

    മറുപടിഇല്ലാതാക്കൂ
  30. അഷ്റഫിന്റെ ബ്ലോഗിലെ ഈ നല്ല പോസ്റ്റ് വൈകിയാണ് വായിക്കുന്നത്. ഈ പോസ്റ്റിന്റെ വായന എന്നെയും പഴയ ആ റേഡിയോക്കാലത്തിലേക്കു കൊണ്ടുപോയി. ഇവിടെ ഉമ്മയുടെ പ്രിയസഖിയായി സ്വകാര്യം പറഞ്ഞ് ,രോഗം വരുമ്പോൾ ഉമ്മയുടെ നാട്ടറിവുകൊണ്ടുള്ള മരുന്നു കഴിച്ച് രോഗം മാറ്റി നിങ്ങളുടെയൊക്കെ മനസ്സിൽ ചേക്കേറിയ റേഡിയോയുടെ സ്ഥാനത്ത് എന്റെ വീട്ടിലത് അച്ഛന്റെ സഖാവായിരുന്നു. ഇലക്ഷൻ റിസൾട്ടുകളൊക്കെ വരുമ്പോൾ പെന്നും പേപ്പറും റേഡിയോയുമായി ഉറക്കമിളക്കാറുണ്ടായിരുന്നു അച്ഛൻ.ഞങ്ങളെല്ലാം ഒന്നിച്ചിരുന്ന് റേഡിയോ നാടകങ്ങൾ കേൾക്കാറുണ്ടായിരുന്നു, ഇടക്ക് സ്ക്രൂഡ്രൈവറും മറ്റുമായി റേഡിയോക്കുള്ളിൽ അച്ഛൻ എന്തെല്ലാമൊക്കെയോ ചെയ്ത് അതിനെ വീണ്ടും ശബ്ദിപ്പിക്കുന്നത് കൗതുകപൂർവ്വം നോക്കി നിൽക്കാറുള്ളതും ഓർക്കുന്നു.....

    കുടുംബങ്ങളെ നന്മയിലേക്കു നയിച്ചിരുന്ന റേഡിയോയുടെ സ്ഥാനം ഇന്ന് ടെലിവിഷൻ സീരിയലുകൾ അപഹരിച്ചു കഴിഞ്ഞു.

    നല്ല ഒരു വിഷയമാണ് കൈകാര്യം ചെയ്തിരിക്കുന്നത് അഷ്റഫ്. എല്ലാവർക്കും അനുഭവമുള്ള കാര്യം. എന്നാൽ പലരും പറയാൻ വിട്ടുപോവുന്നത്....

    മറുപടിഇല്ലാതാക്കൂ
  31. വളരെ നല്ല ഒരു രചന. ഇന്നാണ് കണ്ടത്. റേഡിയോയും ഉമ്മയും തമ്മിലുള്ള ആത്മ ബന്ധത്തിന്റെ ഓര്‍മ്മകള്‍ മകന്‍ അക്ഷരങ്ങളില്‍ ഇഴ ചേര്‍ക്കുമ്പോള്‍ റേഡിയോ ഒരു വലിയ സ്വാധീനമായിരുന്ന, ആശ്രയമായിരുന്ന ആ നല്ല നാളുകളിലേക്ക് എന്നെയും കൊണ്ട് പോയി.

    റേഡിയോ നാടകോത്സവങ്ങളെ ആഘോഷമാക്കിയിരുന്ന, യുവവാണിക്ക് വേണ്ടി കാത്തിരുന്ന, വയലും വീടും ആസ്വദിച്ചിരുന്ന, ചലച്ചിത്ര ഗാനങ്ങള്‍ക്കായി തുറന്നു വെച്ചിരുന്ന ആ കുന്ത്രാണ്ടം ശരിക്കും ഒരു ജനതയുടെ ഹൃദയത്തെ കവര്‍ന്നിരുന്നു. ഈ നല്ല രചനക്ക് ആശംസകള്‍ അഷ്‌റഫ്‌.

    മറുപടിഇല്ലാതാക്കൂ